കാൺപുർ: പതിനെട്ട് വർഷം മുമ്പ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം വീഡിയോയിൽകൂടി കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഉത്തർപ്രദേശ് കാൺപുർ സ്വദേശി രാജ്കുമാരി. ഫത്തേപുരിലെ ഇനായത്പുർ ഗ്രമാത്തിൽനിന്ന് മുംബൈയിലേക്ക് ജോലി തേടിപ്പോയ സഹോദരൻ ബാൽ ഗോവിന്ദിനെയാണ് രാജ്കുമാരി ഇസ്റ്റഗ്രാമിൽ കണ്ടെത്തിയത്.
പതിനെട്ട് വർഷം മുമ്പാണ് തന്റെ സഹോദരൻ ബാൽ ഗോവിന്ദിനെ രാജ്കുമാരിക്ക് നഷ്ടമാകുന്നത്. നഷ്ടപ്പെടുമ്പോൾ ആകെ ഉണ്ടായിരുന്ന അടയാളം പല്ലുകളിലെ പൊട്ടലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാം റീൽസ് നോക്കിക്കൊണ്ടിരിക്കേ, പെട്ടെന്ന് തന്റെ സഹോദരന്റെ മുഖസാദൃശ്യമുള്ളയാളുടെ വീഡിയോ രാജ്കുമാരിയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ഫത്തേപുരിലെ ഇനായത്പുർ ഗ്രമാത്തിൽനിന്ന് മുംബൈയിലേക്ക് ജോലി തേടിപ്പോയ ബാൽ ഗോവിന്ദിനെ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം തിരികെ വീട്ടിലെത്തിയുമില്ല.
സംഭവിച്ച കാര്യം ബാൽ ഗോവിന്ദ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ജോലി തേടിപ്പോയ ബാൽ ഗോവിന്ദ് അസുഖബാധിതനായി. തിരികെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും തീവണ്ടി മാറിപ്പോയി. കാൺപൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ കയറി ജയ്പുരിലാണ് ചെന്നിറങ്ങിയത്. അസുഖബാധിതനായ ബാൽ ഗോവിന്ദിനെ രാജസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരാൾ കണ്ടുമുട്ടുകയും രോഗം ഭേദമായതിനുപിന്നാലെ തന്റെ ഫാക്ടറിയിൽ ജോലിനൽകുകയുമായിരുന്നു.
തുടർന്ന് ജയ്പുരിൽ ഗോവിന്ദ് പുതിയ ജീവിതം ആരംഭിച്ചു. ഇഷ ദേവി എന്ന പെൺകുട്ടിയെ അവിടെ വെച്ച് വിവാഹംകഴിച്ചു. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി. എന്നാൽ, ഗോവിന്ദിന്റെ പൊട്ടിയ പല്ല് അടയാളമായിത്തന്നെ കിടന്നു.
ജയ്പുരിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഗോവിന്ദ് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇത് റീൽസായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകൾ ശ്രദ്ധയിൽപെട്ടതോടെയാണ് രാജ്കുമാരി ഗോവിന്ദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. തന്റെ സംശയങ്ങൾ ബലപ്പെട്ടതോടെ തന്റെ സഹോദരനാണോ എന്ന് ഉറപ്പിക്കാൻ മറ്റു വഴികളും തേടി. ഇൻസ്റ്റഗ്രാമിൽ കൂടിത്തന്നെ ഗോവിന്ദുമായി ബന്ധപ്പെട്ടു. ഇത് തന്‍റെ സഹോദരൻ തന്നെയെന്ന് സ്ഥിരീകരിക്കാൻ അധികസമയം വേണ്ടിവന്നില്ല.
തുടർന്ന് ഫോൺ വിളിക്കുകയും രാജ്കുമാരി തന്റെ സഹോദരനെ വീട്ടിലേക്ക് സ്വാഗതംചെയ്യുകയും ചെയ്തു. എത്രയും പെട്ടെന്ന് കാണാമെന്ന് സ്ഹോദരനും സമ്മതിച്ചു. ജൂൺ 20-ന് ബാൽ ഗോവിന്ദ് വീണ്ടും എത്തി, തന്റെ കുട്ടിക്കാല ഓർമ്മകൾ ഓടിക്കളിക്കുന്ന ഗ്രാമത്തിൽ.