KeralaNews

അധോലോകത്തെ പിൻപറ്റുന്നവർ എൽഡിഎഫിന്റെ ഒറ്റുകാർ, കണ്ണൂരിൽനിന്നുള്ള വാർത്തകൾ ചെങ്കൊടിക്ക് അപമാനം:ആഞ്ഞടിച്ച്‌ സിപിഐ

തിരുവനന്തപുരം: സി.പി.എമ്മിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഇത്തരക്കാരും കാരണമായെന്ന് ബിനോയ് വിശ്വം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കണ്ണൂരില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല, ബിനോയ് വിശ്വം പ്രസ്താവനയിൽ അറിയിച്ചു.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരില്‍നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി, അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മില്‍നിന്ന് പുറത്തുപോയതിനെ തുടര്‍ന്ന് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സി.പി.എം. നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പി. ജയരാജന്‍ വിഷയത്തില്‍ പ്രതികരിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker