കോഴിക്കോട്: കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയ കക്കയത്ത് ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം കക്കയം ഡാം സൈറ്റ് റോഡില്‍ ബൈക്കില്‍ പോവുകയായിരുന്ന കര്‍ഷക തൊഴിലാളിയായ വേമ്പുവിള ജോണിനെയാണ് കാട്ടുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിന് സമീപത്തുവെച്ചാണ് സംഭവം. ബൈക്കില്‍ നിന്ന് ചാടി മാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കര്‍ഷകനായ പാലാട്ടില്‍ അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്രമകാരിയായ ഇതിനെ വെടിവെക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ജോണിനെ ആക്രമിക്കാന്‍ ശ്രമിച്ചതും ഇതേ കാട്ടുപോത്ത് തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കഴിഞ്ഞ മാസവും ഇവ കൂട്ടമായി ഡാം സൈറ്റ് റോഡില്‍ ഇറങ്ങിയിരുന്നു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ കാട്ടുപോത്തുകളുടെ മുന്‍പില്‍ പെടുകയുണ്ടായി. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ ഉടന്‍ കണ്ടെത്തി വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.