മുക്കം: വിദ്യാര്‍ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കും അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്നു തുടര്‍ച്ചയായി വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ വരുന്നത് ഒരു ഗ്രാമത്തിനു തന്നെ തലവേദനയായി മാറുന്നു. ഒന്നും രണ്ടും പേര്‍ക്കല്ല, ഗ്രാമത്തിലെ നിരവധി വിദ്യാര്‍ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കുമാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. അശ്ലീലം മാത്രമല്ല ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ ലഭിക്കുന്നതായും പരാതിയുണ്ട്.
കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകള്‍ക്കാണ് സൈബറിടത്തില്‍ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. മെസേജുകള്‍ക്കു മറുപടിയും ചോദിച്ചിട്ടു ഫോട്ടോയും നല്‍കിയില്ലെങ്കില്‍ പിന്നെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളാകും പിന്നാലെ എത്തുക. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാര്‍ഥിനിക്ക് ആദ്യം വാട്‌സാപ്പില്‍ സന്ദേശം വന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ആനയാംകുന്ന് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികള്‍ക്കു മെസേജ് അയച്ചതായി ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. മെസേജ് കിട്ടിയവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ വിളിച്ചു. കൂട്ടുകാരികളില്‍ ചിലര്‍ വിളിച്ചതോടെയാണ് തന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍നിന്ന് ഇങ്ങനെ അശ്ലീല മെസേജുകള്‍ പ്രചരിക്കുന്നതായി പെണ്‍കുട്ടി അറിഞ്ഞത്.
അതോടെ പെണ്‍കുട്ടി അപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഈ മെസേജുകള്‍ അയയ്ക്കുന്നതു താനല്ലെന്നു വിളിച്ച് അറിയിച്ചു. അപ്പോഴേക്കും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോണ്‍ നമ്പറും ശേഖരിച്ചു വെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ഇതിനോടകം നിരവധി വിദ്യാര്‍ഥികള്‍ക്കു കൂട്ടുകാരികളുടെ പ്രൊഫൈല്‍ ഫോട്ടോയുള്ള അക്കൗണ്ടുകളില്‍ നിന്നു മെസേജുകളും അശ്ലീല മെസേജുകളും വന്നു തുടങ്ങിയിട്ടുണ്ട്.
ആനയാംകുന്ന് സ്‌കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പേരില്‍ അയല്‍വാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോള്‍ വന്നതായും പരാതിയുണ്ട്. ഇവര്‍ മുക്കം പോലീസിലും സൈബര്‍ സെല്ലിനും പരാതി നല്‍കി.