തിരുവനന്തപുരം: മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പാര്‍ട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവന്‍. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി നിലപാട് അന്തിമമാണ്. കെകെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. ആര്‍.ബിന്ദു, വീണ ജോര്‍ജ് എന്നീ രണ്ട് വനിതകള്‍ മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടാകും. എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാന്‍ എന്നിവരുള്‍പ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നല്‍കിയിരിക്കുന്നത്.
അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ 500ലേറെ പേരെ പങ്കെടുപ്പിച്ചുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പൊതുസമൂഹത്തില്‍ നിന്നടക്കം വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ പോലും എതിര്‍ക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം, സത്യപ്രതിജ്ഞ ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് ഇടതുമുന്നണിയുടെ വാദം.