പാലക്കാട്: എൽ.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് വിമതനേതാവ് എ.വി. ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങോട്ടുകുറിശ്ശിയുടെ മനസ്സ് കെ. രാധാകൃഷ്ണനൊപ്പമാണെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച ആലത്തൂർ എം.പി.ക്ക് 25 കോടി കിട്ടിയിട്ടും ഒരു ലക്ഷംപോലും പെരിങ്ങോട്ടുകുറിശ്ശിക്ക് നൽകിയില്ല. കെ. കരുണാകരന്‍റെ കാലത്തിനുശേഷം പഞ്ചായത്തിന് ഇത്രത്തോളം പുരോഗതി കണ്ടത് പിണറായിയുടെ കാലത്ത് മാത്രമാണ്. അദ്ദേഹത്തോട് ഈ പഞ്ചായത്തിന് നെറികേട് കാണിക്കാൻ സാധിക്കില്ല. എ.കെ. ബാലൻ മന്ത്രിയായപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയെ ചേർത്തുപിടിച്ചു.
പഞ്ചായത്തിന്റെ ഒരു ആവശ്യത്തിന് വിളിച്ചപ്പോൾ 24 മണിക്കൂറിൽ ആരോഗ്യമന്ത്രി പരിഹാരം കണ്ടു. പിണറായി വിജയനോടും എ.കെ. ബാലനോടും വീണ ജോർജിനോടും പി.പി. സുമോദ് എം.എൽ.എ.യോടും അനീതി കാണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ വേദിയിലെത്തി വോട്ടഭ്യർഥിച്ചു.
സ്വതന്ത്രകമ്മിറ്റി ചെയർമാൻ കെ.പി. ശ്രീധരൻ അധ്യക്ഷനായി. പാലക്കാട് പ്രവാസി സെൻറർ വൈസ് പ്രസിഡൻറ് രവിശങ്കർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി. പൗലോസ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കേരളകുമാരി, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.എ. മക്കി. യൂത്ത് കോൺഗ്രസ് മുൻ തരൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിസ്സാർ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.ടി. പ്രദീപ്, കെ.വി. സുകുമാരൻ, രവീന്ദ്രനാഥ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
പ്രസംഗത്തിനിടയിൽ കോൺഗ്രസ് പാർട്ടിയെക്കുറിച്ച് പറഞ്ഞ് വിതുമ്പിക്കരഞ്ഞ് എ.വി. ഗോപിനാഥ്. കുടുംബത്തേക്കാളുപരി ഞാൻ പാർട്ടിയെ സ്നേഹിച്ചു. എന്നാൽ, ഇന്ന് പാർട്ടി എന്നെ വേട്ടയാടുന്നു. മാനസികരോഗം വന്ന കോൺഗ്രസുകാരെ ചികിത്സിക്കണമെന്നും എ.വി. ഗോപിനാഥ് വേദിയിൽ പറഞ്ഞു. 2021-ൽ രാജിവെച്ച എന്നെ 2024-ൽ പുറത്താക്കി. നാളെ രാവിലെ വീണ്ടും പാർട്ടി ചിലപ്പോൾ പുറത്താക്കും. അടുത്ത തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശുപോലും കിട്ടാതെ കോൺഗ്രസിനെ ഞങ്ങൾ തോൽപ്പിക്കും -എ.വി. ഗോപിനാഥ് പറഞ്ഞു.
എ.വി. ഗോപിനാഥ് നാടിനോട് പ്രതിബദ്ധതയുള്ള നേതാവാണെന്ന് ആലത്തൂർ ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ പറഞ്ഞു. ജയിച്ചാൽ പഞ്ചായത്തിനുവേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിനുവേണ്ടിയുള്ള ഇടപെടൽ നടത്തുമെന്നും ഉറപ്പുനൽകി.