KeralaNews

വീണ്ടും കുഞ്ഞൂഞ്ഞ് മാജിക്! രണ്ടാഴ്ചയായി ഇടഞ്ഞുനിന്ന എ.വി ഗോപിനാഥിനെ 15 മിനിട്ടുകൊണ്ട് മെരുക്കി ഉമ്മന്‍ചാണ്ടി

പാലക്കാട്: പാലക്കാട്ടെ ഇടഞ്ഞു നില്ക്കുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി. വെറും പതിനഞ്ച് മിനുട്ടുകൊണ്ടാണ് രണ്ടാഴ്ചയായി നിലനിന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തിയത്. ഉമ്മൻചാണ്ടിയുമായുളള ചർച്ചയിൽ തൃപ്തനെന്നും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.

പെരിങ്ങോട്ട്കുറിശ്ശിയിൽ ഒടുവിൽ അർദ്ധരാത്രി മഞ്ഞുരുക്കം. ഫലംകണ്ടത് ഉമ്മൻചാണ്ടിയുടെ അനുനയ നീക്കം. 12 മണിക്കെത്തിയ ഉമ്മൻചാണ്ടി 15 മിനിറ്റ് നേരത്തെ ചർച്ചക്കൊടുവിൽ ഗോപിനാഥിനെ സംഘടനയോട് ചേർത്തുപിടിച്ചു.

രണ്ടാഴ്ചയിലേറെയായി കേരളത്തിൽ സജീവ ചർച്ചയായിരുന്നു പാലക്കാട്ടെ കോൺഗ്രസ് നേതാവായ എ വി ഗോപിനാഥ് ഉറക്കെപ്പറഞ്ഞ നിലപാടുകൾ. സംഘടനാപരമായ തിരുത്തലുകൾക്കൊപ്പം പുനഃസംഘടനവരെ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ എ വി ഗോപിനാഥ് ഉന്നയിച്ചു. കെ സുധാകരൻ വന്ന് ചർച്ചനടത്തിയിട്ടും അയവുണ്ടാവാത്ത പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കടുത്ത നടപടികളിലേക്ക് പോകരുതെന്ന് ഉമ്മൻചാണ്ടി ഗോപിനാഥിനോട് ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിച്ച ആവശ്യങ്ങളിൽ ഹൈക്കമാൻഡ് നി‍ർദ്ദേശങ്ങളോടെയുളള പരിഹാര നടപടികൾ ഉണ്ടാകും. അതുവരെ പാർട്ടിക്കൊപ്പമെന്ന് ഗോപിനാഥും വ്യക്തമാക്കുന്നു.

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ കോട്ടയത്തുനിന്ന് ഉമ്മൻചാണ്ടിയെത്തിയതിനും മുമ്പേതന്നെ, നൂറോളം പ്രവർത്തകർ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു. നേതാവിന്‍റെ നിലപാടറിയാൻ. പ്രശ്നപരിഹാരമായില്ലെങ്കിൽ കോൺഗ്രസ് വിടാനൊരുങ്ങിയ ഗോപിനാഥിന് പിന്തുണയേകി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി രാജിക്കൊരുങ്ങുക പോലും ചെയ്തിരുന്നു. ഒടുവിൽ ഇനി ശാന്തരായി ഉറങ്ങാമെന്ന് പ്രവർത്തകരോട് ഗോപിനാഥ് ആവർത്തിക്കുമ്പോഴും പാലക്കാട്ടെ കോൺഗ്രസിലെ പ്രശ്നങ്ങൾ പുതിയ ദിശയിലേക്ക് തിരിയുമെന്നാണ് വിലയിരുത്തൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button