തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോൾ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയായ ഇയാൾ മറ്റൊരു പോക്സോ കേസിൽ പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. പുതപ്പുകൊണ്ട് മൂടി ഒരാൾ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമായത്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദവിവരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
രണ്ടാഴ്ച മുമ്പാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകൾക്ക് ശേഷം 450 മീറ്ററുകൾക്ക് അപ്പുറം പൊന്തക്കാട്ടിൽ കണ്ടെത്തുകയും ചെയ്തത്. തട്ടിക്കൊണ്ടുപോകൽ മോഷണശ്രമത്തിന്റെ ഭാഗമല്ലെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വർണമോ വിലകൂടിയ ആഭരണങ്ങളോ ഒന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തുമ്പോൾ നിർജലീകരണം സംഭവിച്ച് തീരെ അവശയായ നിലയിലായിരുന്നു കുട്ടി. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം നേരിട്ടതിന്റെ സൂചനകളുണ്ടായിരുന്നില്ല.
തിരുവല്ലയിൽനിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ, ഇവരെ സഹായിച്ച അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരാണ് പിടിയിലായത്. ഇവരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഒന്നാം പ്രതി അതുലിനെതിരെ പോക്സോ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു രണ്ടു പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, അതിന് സഹായം ചെയ്യൽ എന്നിവ പ്രകാരമാണ് കേസ്.
തിരുവല്ലയിൽനിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഞായറാഴ്ച പുലർച്ചെ നാടകീയമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത്. പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി വന്നത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് എത്തിയെന്നാണ് വിവരം.
പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന. ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.