ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തിരുവല്ലയിൽ സ്കൂട്ടർ യാത്രികന്‍ മരിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതതടസ്സമുണ്ടായി. തിരുവല്ലയിൽ നിന്ന് അ​ഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News