KeralaNews

ട്യൂഷന് വന്ന പത്തുവയസ്സുകാരിയെ വളർത്തുനായ കടിച്ചു; അധ്യാപികയ്‌ക്കെതിരേ കേസ്

ആലപ്പുഴ: ട്യൂഷന് വന്ന കുട്ടിയെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ കേസ്. പത്തുവയസ്സുകാരിക്കാണ് കടിയേറ്റത്. മാരാരിക്കുളം വടക്ക് മാപ്പിളപറമ്പില്‍ ദേവികയെ പ്രതിയാക്കിയാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ 16-ാം തീയതി വൈകിട്ട് 6.55 ഓടെയാണ് സംഭവം. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ട്യൂഷന്‍ കഴിഞ്ഞ് ഇറങ്ങിയ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റു.

ദേവികയുടെ സഹോദരിയാണ് നായയെ വളര്‍ത്തുന്നത്. ഇവര്‍ എത്തി നായയെ കൂട്ടിലാക്കി. നായ ആക്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ വൈകിയതാണ് പരാതിക്ക് ഇടയാക്കിയത്. വീട്ടിലുള്ളവര്‍ക്കും നായയെ പേടിയാണെന്ന വിശദീകരണം കേട്ടപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പതിവായി ട്യൂഷന് പോയിരുന്ന വീട്ടിലാണ് സംഭവം.

വീട്ടിനകത്തിട്ട് വളര്‍ത്തുന്ന നായ, ചങ്ങലയില്‍നിന്ന് രക്ഷപ്പെട്ട് ഓടിവന്ന് കടിക്കുകയായിരുന്നു. മതിയായ ബന്തവസ്സ് ചെയ്യാതെ ഉദാസീനമായി നായയെ വളര്‍ത്തിയതിനാണ് കേസ്. മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം 289 വകുപ്പ് പ്രകാരവും അശ്രദ്ധകാരണം അപകടം വരുത്തിയതിന് 336 വകുപ്പ് പ്രകാരവും മുറിവേല്‍പ്പിച്ചതിന് 337 വകുപ്പ് പ്രകാരവുമാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കൂടി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകര്‍ത്താക്കള്‍ ജില്ലാ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മിഷനും പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button