CrimeKeralaNews

നിമിഷ തമ്പി വധം; പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദവിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല(44)യാണ് കേസിലെ പ്രതി.

നാല്‍പതോളം സാക്ഷികളെയടക്കം വിസ്തരിച്ചശേഷമാണ് കോടതിയുടെ വിധി. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചുകയറല്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍.

2018 ജൂലൈ 30-ന് ആയിരുന്നു കൊലപാതകം നടന്നത്. വാഴക്കുളം അന്തിനാട് സ്വദേശി നിമിഷ തമ്പിയെ മോഷണശ്രമത്തിനിടെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നിമിഷ.

തടിയിട്ടപറമ്പ് പോലിസ് ഇന്‍സ്‌പെക്ടറായിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ കെ.എസ്. ഉദയഭാനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.വി.ഷാജി ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button