ബസിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർഥി മരിച്ചു

കാസര്‍കോട്: ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി.സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്.

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. വിദ്യാര്‍ഥി കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയപ്പോഴാണ് അപകടം നടന്നത്. ബസിന്റെ ജനലിന് സമീപത്തുനിന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടായതിനാല്‍ ബസ് നിറയെ ആളുകളുണ്ടായിരുന്നു. സഹോദരന്‍: അന്‍സിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News