KeralaNews

മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ക്കയറി കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാഥിനി കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ്  കടിയേറ്റത്. കൈക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.  

തെരുവുനായ വിഷയത്തിൽ, സംസ്ഥാന സർക്കാരിനെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.

‘നായ കടിയേറ്റ് റാബീസ് വാക്സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവർ അതിന്ടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം വിമ‍ര്‍ശിക്കുന്നു. 

തെരുവുനായ വിഷയം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെരുവുനായയുടെ കടിയേറ്റും വാഹനത്തിന് കുറുകെ ചാടി അപകടത്തിൽപ്പെട്ടും നിരവധിപ്പേരാണ് ആശുപത്രിയിലായത്. പ്രശ്നം ഗുരുതരമായതോടെ സ‍ര്‍ക്കാ‍ര്‍ പേപിടിച്ച നായ്ക്കളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്. നായകൾക്കായി ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും സ‍ര്‍ക്കാ‍‍ര്‍ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്തും ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ സർക്കാരിന്റെ അനുമതി ലഭിച്ചതായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button