കോട്ടയം: പനച്ചിക്കാട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം റോഡിൽ സോഡാക്കുപ്പി തല്ലിപ്പൊട്ടിച്ചിട്ട് സാമൂഹ്യവിരുദ്ധ സംഘം. ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെയാണ് റോഡിനു നടുവിലേയ്ക്ക് അക്രമി സംഘം സോഡാക്കുപ്പികൾ തല്ലിപ്പൊട്ടിച്ചിട്ടത്. റോഡിൽ ഏതാണ്ട് അരക്കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ സോഡാക്കുപ്പികൾ തല്ലിപ്പൊട്ടിച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണ്. ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ ഇന്നലെ രാത്രി ഇരു ചേരികളിൽ നിന്നുള്ള അക്രമി സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ കടയിൽ നിന്നുള്ള രണ്ട് കേസ് കാലി സോഡാക്കുപ്പി ഉപയോഗിച്ച് പരസ്പരം സംഘം ആക്രമിക്കുകയായിരുന്നു.
രാവിലെ റോഡിൽ എത്തിയവരാണ് പൊട്ടിക്കിടക്കുന്ന സോഡാക്കുപ്പികളും കൂടാതെ, പട്ടിക കഷ്ണവും ഹെൽമറ്റും ബൈക്കിന്റെ താക്കോലും കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേശവിളക്ക് എഴുന്നള്ളത്ത് രണ്ടുദിവസത്തിനുശേഷം നടക്കാനിരിക്കെയാണ് സാമൂഹ്യവിരുദ്ധ സംഘം റോഡിൽ സോഡാക്കുപ്പി പൊട്ടിച്ചിട്ടത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.