പിതാവിനൊപ്പം ക്ഷേത്രത്തിൽ പോകുകയായിരുന്ന ആറുവയസുകാരിയെ പുലി കടിച്ചുകീറി കൊന്നു

ബിജ്‌നോര്‍ : ആറുവയസുകാരിയെ പുലി കടിച്ചുകീറി കൊന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ബദിയോവാല ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പിതാവിനൊപ്പം ക്ഷേത്രത്തില്‍ പോകുകയായിരുന്ന നൈന എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്‌.

മാവിന്‍തോട്ടത്തിന് സമീപത്തുവച്ചായിരുന്നു പുലിയുടെ ആക്രമണം. ചാടിവീണ പുലി നൈനയെ കടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്ന കര്‍ഷകനും ബഹളം വെക്കുകയും സഹായത്തിനായി മറ്റുള്ളവരെ വിളിക്കുകയും ചെയ്തു. അപ്പോഴേക്ക് നൈനയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം പുലി ഓടിമറഞ്ഞിരുന്നു.

ബിജ്‌നോറില്‍ ഒമ്പതുമാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 19-ാമത്തെ ആളാണ് നൈന. കരിമ്പിന്‍പാടത്ത് വച്ച് 13-കാരനെ പുലി കൊന്നതാണ് ഇതിന് മുമ്പുണ്ടായ സംഭവം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുലിയുടെ ആക്രമണം ഗ്രാമത്തില്‍ തുടങ്ങിയത്. പുലിശല്യം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ 48-ലേറെ പുലികളെ പിടികൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തവണ ഗ്രാമത്തില്‍ പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും അവര്‍ അനങ്ങിയില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു. വനംവകുപ്പ് അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുലിയെ പിടിക്കാനായി കൂടുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ഉടനെ പിടികൂടുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയുടെ ആക്രമണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതുസംബന്ധിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കരിമ്പുപാടങ്ങള്‍ക്കിടയില്‍ പുലികള്‍ പുലികള്‍ സ്ഥിരം സാന്നിധ്യമാണ്.. കരിമ്പ് വിളവെടുപ്പ് ആരംഭിച്ചതോടെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. കൂട്ടമായി മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നും ജോലിക്കിടെ ഉച്ചത്തില്‍ റേഡിയോയോ പാട്ടോ വെക്കണമെന്നും കര്‍ഷകര്‍ക്ക് വനംവകുപ്പ് നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News