ന്യൂഡൽഹി: ഏഴുവയസുകാരൻ്റെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്തു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരാണ് നാല് സെന്റീമീറ്റർ നീളമുള്ള സൂചി കുട്ടിയുടെ ഇടതു ശ്വാസകോശത്തിൽ നിന്ന് നീക്കം ചെയ്തത്. കാന്തം ഉപയോഗിച്ചാണ് സൂചി നീക്കം ചെയ്തതെന്ന് പീഡിയാട്രിക് സർജറി വിഭാഗം ഡോക്ടർമാർ വ്യക്തമാക്കി.
ശക്തമായ ചുമയും രക്തസ്രാവവും രൂക്ഷമായതോടെ നവംബർ ഒന്നിനാണ് കുട്ടിയെ ഡൽഹി എയിംസിൽ എത്തിച്ചത്. വിശദമായ പരിശോധനയിൽ കുട്ടിയുടെ ഇടത് ശ്വാസകോശത്തിൽ സൂചി കണ്ടെത്തി. തുണി തുന്നാൻ ഉപയോഗിക്കുന്ന സൂചിയാണെന്ന് വ്യക്തമാകുകയും ചെയ്തു.
ഇടത് ശ്വാസകോശത്തിൽ അപകടകരമായ അവസ്ഥയിലാണ് സൂചിയുള്ളതെന്ന് പരിശോധനയിൽ വ്യക്തമായെങ്കിലും പരമ്പരാഗത ചികിത്സാ രീതികളിലൂടെ സൂചി പുറത്തെടുക്കാനാകില്ലെന്ന് മനസ്സിലായതോടെയാണ് ഡോക്ടർമാർ മറ്റ് വഴികൾ തേടിയത്. സൂചിയുടെ സ്ഥാനവും ശസ്ത്രക്രിയ നടത്തുന്നതിലെ ബുദ്ധിമുട്ടുമാണ് തിരിച്ചടിയായത്.
കൂടുതൽ പരിശോധനയിൽ കാന്തം ഉപയോഗിച്ച് സൂചി പുറത്തെടുക്കാൻ ഡോ. വിശേഷ് ജെയിൻ, ഡോ. ദേവേന്ദ്ര കുമാർ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായി കാന്തത്തെ സൂചിയുടെ സമീപം എത്തിക്കുകയായിരുന്നു വെല്ലുവിളിയെന്ന് ഡോ ജെയിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതിനായി പ്രത്യേക ഉപകരണം നിര്‍മിച്ചു.
സൂചിയുടെ സ്ഥാനം കൃത്യമായി വിലയിരുത്താൻ ആദ്യം ശ്വാസനാളത്തിന്റെ എൻഡോസ്കോപ്പിയെടുത്തു. എന്നാൽ സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താനായത്. സൂചിയുടെ സ്ഥാനം കണ്ടെത്തിയതോടെ പ്രത്യേകമായി തയ്യാറാക്കിയ വസ്തുവിൽ കാന്തം ഘടിപ്പിച്ച് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയര്‍ന്നുവരുകയും ചെയ്തതോടെ സൂചി വിജയകരമായി പുറത്തെടുക്കുകയായിരുന്നു. ഇത്രയും ആഴത്തിൽ പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ രീതിയാണെന്ന് ഡോ. ജെയിൻ പറഞ്ഞു. ഈ ശസ്ത്രക്രിയ നെഞ്ചിനെയും ശ്വാസകോശത്തെയും ബാധിക്കുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്ത സൂചി തയ്യൽ മെഷീനിൽ ഉപയോഗിക്കുന്നതാണെന്നാണ് റിപ്പോർട്ട്.