തൃശ്ശൂരിൽ വഴിയരികില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

തൃശ്ശൂര്‍: ചാവക്കാട് ഒരുമനയൂരില്‍ റോഡരികില്‍ പൊട്ടിത്തെറിച്ചത് നാടന്‍ബോംബ്. സംഭവത്തില്‍ ഒരുമനയൂര്‍ സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന തുടരുകയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികള്‍ എത്തിയപ്പോള്‍ സ്ഥലത്ത് പുക ഉയരുന്നനിലയിലായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് വെളുത്തനിറത്തിലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി. വെളുത്ത തുണിയില്‍ ഗുണ്ടും കുപ്പിച്ചില്ലുകളും പൊതിഞ്ഞാണ് സ്‌ഫോടകവസ്തു നിര്‍മിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, കസ്റ്റഡിയിലുള്ള ഷെഫീക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന നാടന്‍ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

ഇരുപതോളം ക്രിമിനല്‍കേസുകളില്‍ ഷെഫീക്ക് പ്രതിയാണെന്നാണ് വിവരം. ഷെഫീക്കിനെതിരേ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News