അനന്തപുർ: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ തെളിവുകളൊന്നുമില്ലാതിരുന്ന ഒരു കൊലപാതകക്കേസ് ചുരുളഴിക്കാൻ പോലീസിനെ തുണച്ചത് ചെറിയൊരു പപ്പട പായ്ക്കറ്റ്. ബധിരനും മൂകനുമായ ഗുരുരാജു റാവുവാണ് മരിച്ചത്. സംഭവത്തിൽ കർണാടക ബല്ലാരി സ്വദേശികളായ ബസവരാജു (31), കൊത്രേഷ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂൺ 23-നാണ് കേസിന്റെ തുടക്കം. അനന്തപുർ ജില്ലയിലെ ഡി. ഹിരേഹാൽ മണ്ഡലത്തിലെ പുലകുർത്തി ഗ്രാമത്തിനടുത്തുള്ള ഒരു കൃഷിസ്ഥലത്താണ് തിരിച്ചറിയാത്ത ഒരാളുടെ കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സാക്ഷികളോ വ്യക്തമായ മറ്റ് തെളിവുകളോ ഇല്ലാതിരുന്നതിനാൽ ആദ്യം ഇതൊരു ചുരുളഴിയാത്ത കേസായിട്ടാണ് പോലീസ് കണക്കാക്കിയിരുന്നത്.
സംഭവസ്ഥലത്തുനിന്ന് പോലീസിന് പകുതി കത്തിയ ഒരു കന്നഡ പത്രം, കത്തിയ വസ്ത്രങ്ങൾ, ഒരു പൂണൂൽ, പിന്നെ ഒരു പപ്പട പായ്കറ്റും ലഭിച്ചു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.പപ്പടത്തിന്റെ നിർമാതാക്കൾ ചെന്നൈയിലാണെന്ന് പോലീസ് കണ്ടെത്തി. ബല്ലാരിയിൽ ഇതിന്റെ വിതരണ ശൃംഖല ഉണ്ടെന്നും മനസ്സിലാക്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ വിതരണക്കാരനായ ഗുരുരാജു റാവു എന്നയാളെ ദിവസങ്ങളായി കാണാനില്ലെന്നും കണ്ടെത്തി. കത്തിക്കരിഞ്ഞ മൃതദേഹം ഗുരുരാജു റാവുവിന്റേതാണെന്നും പോലീസ് തിരിച്ചറിഞ്ഞു.
ഗുരുരാജുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ ചലനങ്ങളും ആംഗ്യഭാഷയും പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞു. പ്രതികളും ബധിരരും സംസാരിക്കാൻ കഴിയാത്തവരുമായിരുന്നു. ഗുരുരാജു റാവുവിന് പപ്പടക്കച്ചവടത്തിലൂടെയും ക്ഷേത്രങ്ങളിലെ ജോലിയിലൂടെയും വലിയ സമ്പാദ്യമുണ്ടെന്ന് വിശ്വസിച്ചാണ് ഇവർ കൊലപാതകം നടത്തിയത്. ജൂലായ് 8-ന് ബസവരാജുവിനെയും കൊത്രേഷിനെയും പോലീസ് പിടികൂടി.
പ്രതികളിൽ നിന്ന് കൊല്ലപ്പെട്ട ഗുരുരാജുവിന്റെ ടിവിഎസ് എക്‌സ്എൽ വാഹനം, എടിഎം കാർഡ്, മൊബൈൽ ഫോൺ, എന്നിവ പോലീസ് കണ്ടെടുത്തു. ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ ചോദ്യം ചെയ്തത്.


