ടെൽ അവീവ്∙ ഹമാസുമായി കനത്ത പോരാട്ടം തുടരുന്ന ഗാസയിൽ, ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്നു പ്രഖ്യാപിച്ച മന്ത്രിയെ തിരുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവാണ്, ഗാസയിൽ അണുബോംബിടാനുള്ള സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘റേഡിയോ കോൽ ബെറാമ’യ്ക്കു നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘അതും ഒരു സാധ്യത’യാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങൾ അനുസരിച്ചാണ് ഗാസയിൽ ഇസ്രയേൽ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിജയം സ്വന്തമാക്കുന്നതുവരെ അതേ ശൈലിയിലാകും സൈന്യം മുന്നോട്ടു പോകുകയെന്നും നെതന്യാഹു പ്രഖ്യാപിച്ചു.
വിവാദ പ്രസ്താവനയ്ക്കു പിന്നാലെ എലിയാഹുവിനെ മന്ത്രിസഭയിൽനിന്ന് പ്രധാനമന്ത്രി സസ്പെൻഡ് ചെയ്തു. മന്ത്രിസഭാ യോഗങ്ങളിൽ എലിയാഹുവിനു പങ്കെടുക്കാനാകില്ല. അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് നെതന്യാഹു രൂപീകരിച്ച ഐക്യ സർക്കാരിൽ എലിയാഹു അംഗമായിരുന്നില്ല.
ഗാസയിൽ അണുബോംബിടാനും മടിക്കില്ലെന്നു പ്രഖ്യാപിച്ച് വിവാദത്തിൽ ചാടിയതിനു പുറമേ, സംഘർഷബാധിതമായ ഗാസയിലേക്കു സഹായമെത്തിക്കാനുള്ള നീക്കത്തെയും ശക്തമായ എതിർക്കുന്ന മന്ത്രിയാണ് എലിയാഹു. ‘നാത്‌സികൾക്ക് മാനുഷിക പരിഗണനയുടെ പുറത്ത് സഹായം നൽകില്ല’ എന്നായിരുന്നു എലിയാഹുവിന്റെ നിലപാട്. ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ പങ്കില്ലാത്ത സാധാരണക്കാരില്ലെന്നും എലിയാഹു അഭിപ്രായപ്പെട്ടിരുന്നു.
ഗാസയിൽ അണുബോംബ് ഇടുമെന്ന തന്റെ പ്രസ്താവന കേവലം അലങ്കാര പ്രയോഗം മാത്രമാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകുമെന്ന് എലിയാഹു വിശദീകരിച്ചു. ഭീകരവാദത്തിനെതിരെ യാതൊരു മയവുമില്ലാത്ത പ്രതികരണം അത്യന്താപേഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് ഇന്നത്തെ ലോകത്തിൽ യാതൊരു പ്രസക്തിയുമില്ലെന്ന് അതിലൂടെ മാത്രമേ നാത്‌സികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും മനസ്സിലാക്കിക്കൊടുക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.