പത്തനംതിട്ടയിൽ വ്യാപാരി കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍; കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ,വായില്‍ തുണി തിരുകി

പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്.

മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോർജ്. സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്ക് കാണാതായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്. 

കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിലെ ആറു പവനോളം വരുന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തി. കട പൊലീസ് സീൽ ചെയ്തു. ഭാര്യ: അന്നമ്മ. മക്കൾ: ഷാജി ജോർജ് (മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി), സുരേഷ് ജോർജ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News