വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല – ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഹർജിക്കാരനെതിരായ പരാതി. തുടർന്ന് ജൂൺ 13 ന് പോലീസ് അറസ്റ്റ് ചെയ്തു.

ആരോപണങ്ങൾ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി ഫയൽ ചെയ്തത്. സാമ്പത്തിക തർക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നും വാദിച്ചു.

പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യുഷൻ തന്നെ പറയുന്ന സാഹചര്യത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യത്തിലും ഹർജിക്കാരന് ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News