CrimeKeralaNews

ACCIDENT: മലയാളി യുവതി മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ,മരണത്തിന് മറ്റ് കാരണങ്ങളില്ലെന്ന് പോലീസ്,റോസ്‌മേരിയുടെ മരണത്തിന്റെ ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

മുംബൈ: കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ മുംബൈ പൻവേലിൽ ഫ്‌ളാറ്റിൽ നിന്നം വീണു മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടി സ്റ്റണ്ട് പ്രാക്ടീസിനിടെ അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുംബൈ പനവേലിലെ റെസിഡൻഷ്യൽ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നാണ് റോസ്‌മേരി നിരീഷ് എന്ന വിദ്യാർത്ഥിനി വീണു മരിച്ചത്.

അപകടശേഷം നടത്തിയ അന്വേഷണത്തിൽ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. അമിറ്റി യൂണിവേഴ്സിറ്റിയിലെ ഫാഷൻ ഡിസൈനിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്‌ളാറ്റിൽ കോളേജ് പ്രോജക്റ്റിനായി ഒരു ഷോർട്ട് ഫിലിം നിർമ്മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോൾഡിന്റെ’ 11-ാം നിലയിലാണ് റോസ്‌മേരി താമസിച്ചിരുന്നത്. പക്ഷേ അന്നു രാത്രി ലംബുവിന്റെ താമസസ്ഥലത്തായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പൻവേൽ താലൂക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ബാൽക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയിൽ താൽക്കാലിക ബെഡ്ഷീറ്റ് കയർ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ, യുവതിയുടെ മറ്റ് സഹപാഠികൾ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. വാരാന്ത്യത്തിൽ അവർ സ്ഥലത്തില്ലായിരുന്നു.

ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്‌ളാറ്റിൽ ഷൂട്ടിങ് തിരക്കിലായിരിക്കുമ്പോൾ, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയർ തീർത്ത് ഏഴാം നിലയിലെ ബാൽക്കണിയിൽ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടർന്ന് സ്ലൈഡിങ് വിൻഡോകൾ തുറന്ന് ഹാളിൽ പ്രവേശിച്ച് പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മെയിൻ ഡോറിൽ നിന്ന് എട്ടാം നിലയിലെ ഫ്‌ളാറ്റിലേക്ക് മടങ്ങി.

”ഞായറാഴ്ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങൾ അപകടമരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, ”പൻവേൽ താലൂക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്‌പെക്ടർ ജഗദീഷ് ഷെൽക്കർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ്. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്. ”കുടുംബം പൂർണ്ണമായും തകർന്നിരിക്കുന്നു. ഇത് ആത്മഹത്യയല്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ,” എന്ന് യുവതിയെ അറിയാവുന്ന പൻവേൽ മലയാളി സമാജം വൈസ് പ്രസിഡന്റും സെന്റ് ജോർജ് പള്ളി ട്രസ്റ്റിയുമായ സണ്ണി ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button