ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പ് അവഗണിച്ച് ഹരിയാനയിലെ പൊതുസമ്മേളനത്തിനിടെ ഹിന്ദുത്വവാദിയായ നേതാവിന്റെ ഭീഷണി പ്രസംഗം. പൊലീസിനേയും അന്യമതസ്ഥരേയും ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇയാള്‍ പ്രസംഗിച്ചത്. നേരത്തെ വിദ്വേഷ പ്രസംഗം പാടില്ല എന്ന വ്യവസ്ഥയോടെയായിരുന്നു പൊതുസമ്മേളനത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നത്.
ഇതിന് പുല്ലുവില കല്‍പിക്കാതെയായിരുന്നു പ്രസംഗം. ഒന്നിലേറെ പേര്‍ മുന്നറിയിപ്പ് അവഗണിച്ച് ഭീഷണി പ്രസംഗം നടത്തിയതായാണ് വിവരം. ‘നിങ്ങള്‍ വിരല്‍ ഉയര്‍ത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ കൈകള്‍ വെട്ടും’ എന്നാണ് പ്രസംഗിച്ച നേതാക്കളിലൊരാള്‍ വിളിച്ച് പറഞ്ഞത്. റൈഫിളുകള്‍ക്ക് ലൈസന്‍സ് വേണം എന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രസംഗത്തിലെ ആവശ്യം. നുഹില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വര്‍ഗീയ കലാപത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം വി എച്ച് പി മാര്‍ച്ചിന് നേരെ കല്ലേറുണ്ടായിരുന്നു. ഇത് അക്രമത്തിലേക്ക് വഴിമാറിയതോടെ ഹിന്ദുത്വ സംഘടനകളുടെ ഘോഷയാത്ര നിര്‍ത്തിവെച്ചിരുന്നു. ഇത് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് മഹാപഞ്ചായത്ത് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നൂഹിലാണ് മഹാപഞ്ചായത്ത് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതോടെയാണ് നൂഹില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പല്‍വാലിലേക്ക് യോഗം മാറ്റിയത്. കര്‍ശന ഉപാധികളോടെയാണ് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് എന്നാണ് പല്‍വാല്‍ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിംഗ് പറയുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഉടന്‍ കേസെടുക്കുംമെന്നും ആയുധങ്ങളോ വടികളോ കത്തുന്ന വസ്തുക്കളോ ആരും കൊണ്ടുവരാന്‍ പാടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. 500 പേര്‍ക്ക് മാത്രമേ കൂട്ടം കൂടാന്‍ അനുവാദമുള്ളൂവെന്നും പൊലീസ് പറഞ്ഞിരുന്നു.
സര്‍വ് ഹിന്ദു സമാജ് എന്ന കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28-ന് ‘ബ്രജ്മണ്ഡലല്‍ ധാര്‍മിക യാത്ര’ എന്ന പേരില്‍ വി എച്ച് പി ഘോഷയാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സമ്മേളനം. നേരത്തെ മഹാപഞ്ചായത്ത് നടത്താന്‍ ഹിന്ദു സംഘടനകളായ ബജ്റംഗ്ദളിനും വി എച്ച് പിക്കും അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ രണ്ട് സംഘടനകളിലെയും അംഗങ്ങള്‍ ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗുരുഗ്രാമില്‍ പൊലീസ് അനുമതി നിഷേധിച്ചിട്ടും ഹിന്ദു സമാജ് മഹാപഞ്ചായത്ത് സമ്മേളനം നടത്തിയിരുന്നു. ഇതില്‍ മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിരുന്നു.