തിരുവനന്തപുരം: പീഡന പരാതി ഒതുക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവാദത്തില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിനം തന്നെ പ്രതിപക്ഷം വിഷയം ഉയര്‍ത്തും.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സ്ത്രീപീഡന പരാതി ഒതുക്കാന്‍ മന്ത്രി ഇടപെട്ടുവെന്നതാണ് എല്‍.ഡി.എഫിനെ കുഴയ്ക്കുന്നത്. വിഷയത്തില്‍ സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് നേതാക്കള്‍ കൂടിയാലോചിച്ച് നിലപാട് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ കോഴിക്കോട്ടായിരുന്ന മന്ത്രി ശശീന്ദ്രന്‍ തലസ്ഥാനത്തെത്തി. ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരംമുറി വിവാദത്തില്‍ ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും നിയമസഭയില്‍ ഉയരാന്‍ പോകുന്ന ചോദ്യങ്ങളും മുന്‍നിര്‍ത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും പുതിയ വിവാദവും ചര്‍ച്ചയായേക്കും.
പരാതി നല്‍കിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആരോപണ വിധേയനായ ജി പത്മാകരന്‍, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ കേസിലെ ഇടപെടല്‍ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു.
പത്മാകരന്‍ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 27 ന് നല്‍കിയ പരാതി. പരാതി നല്‍കിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും എഫ്‌ഐആര്‍ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തില്ല. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
സംഭവത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ ന്യായീകരിക്കുകയാണ് എന്‍സിപി. പീഡന കേസ് പിന്‍വലിക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ പരാതിക്കാരിയുടെ അച്ഛനെ ഫോണ്‍ ചെയ്തത്. ഫോണ്‍ സംഭാഷണത്തില്‍ നിങ്ങള്‍ കൊടുത്തിട്ടുള്ള പീഡന കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും ചാക്കോ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുണ്ടറയിലെ സംഘടന പ്രശ്‌നത്തില്‍ മന്ത്രി ഇടപെടണമെന്ന് പ്രാദേശീക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇത് അനുസരിച്ച് സംഘടന പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി ഫോണ്‍ ചെയ്തത്. കേസ് ഒത്തു തീര്‍ക്കണമെന്ന് സംഭാഷണത്തില്‍ പറഞ്ഞിട്ടില്ലെന്നും ചാക്കോ അവര്‍ത്തിച്ചു.
പീഡന പരാതി വ്യാജമെന്ന് പറയാം. എന്നാല്‍ താന്‍ അങ്ങനെ പറയുന്നില്ല. വസ്തുത അറിയാതെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. ആരോപണത്തിന്റെ പേരില്‍ മന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ല. സംഘടനയില്‍ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പി.സി. ചാക്കോ കൂട്ടിച്ചേര്‍ത്തു.