തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാർക്ക് എന്ത് സംവരണമാണ് എൻഎസ്‌എസ് നൽകുന്നത്. എൻഎസ്എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരിൽ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ എന്നും ബാലൻ ചോദിച്ചു.
ഗണപതി ഭഗവാൻ മുഖ്യ ആരാധനാ മൂർത്തിയായ പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കർ സ്ഥലം അനധികൃതമായി എൻഎസ്എസ് കൈവശം വച്ചതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് തിരിച്ചു കൊടുക്കുകയാണ്’–ബാലൻ പറഞ്ഞു.
‘എൻഎസ്എസിന്റെ നിയമനം മനസ്സറിഞ്ഞുകൊണ്ടാണോ? സംവരണമേയില്ല. അത്തരം ഒരു സന്ദർഭത്തിൽ സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധി നടപ്പാക്കാൻ സുകുമാരൻ നായർക്ക് സാധിക്കുന്നുണ്ടോ? ഇതൊക്കെ നുറുങ്ങു ചോദ്യങ്ങളാണ്. മറുപടി നൽകാൻ വേണ്ടി തന്നെയാണ് ഞാൻ അദ്ദേഹത്തിന് അത് നൽകുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിപോലും ഇവിടെ നടപ്പാക്കിയിട്ടില്ല. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒരു സമീപനവും എടുത്തിട്ടില്ല. ആ സമയത്തു പോലും കമ്യൂണിസ്റ്റുകാർക്ക് വോട്ട് കൊടുക്കരുത് എന്ന രീതിയിലുള്ള പരാമർശങ്ങളാണ് ജി. സുകുമാരൻ നായർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ. ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പു കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.’
വിശ്വാസികളെ ഒപ്പം നിർത്താൻ ജി. സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുന്നു എന്നും എ.കെ. ബാലൻ ആരോപിച്ചു. ‘‘എന്റെ മേൽവിലാസം ഇത്തരം ആളുകളുടെ കയ്യും കാലും പിടിച്ച് ഉണ്ടാക്കിയതല്ല. ഞാൻ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. പറയുന്നത് നുറുങ്ങുകാര്യങ്ങൾ ആയിരിക്കും. സുകുമാരൻ നായർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയാം. അത് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.
കേരളത്തിലെ പാവപ്പെട്ട പിന്നോക്ക വിഭാഗങ്ങളുടെ സഹായത്തോടെയുണ്ടാക്കിയ മേൽവിലാസമാണ്. ഇവരുടെ ഒന്നും മുൻപിൽ കൈകൂപ്പി നിന്ന ചരിത്രം എനിക്കില്ല. ആർഎസ്‌സും ബിജെപിയും ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. താനും ആർഎസ്എസ് ആണെന്ന് പറഞ്ഞ് സുകുമാരൻ നായർ ഇതൊക്കെ പറഞ്ഞാൽ കുഴപ്പമില്ല. മറിച്ച് ചെയ്യുന്നത് ആ സമുദായത്തിലെ പാവപ്പെട്ടവർക്ക് നിരക്കുന്നതല്ല.
എൻഎസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ? എൻഎസ്എസ് വി.ഡി.സതീശനോടും സുരേഷ് ഗോപിയോടും എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് അവർക്ക് ഓർമകൾ ഉണ്ടായിരിക്കണം. ഷംസീറിന്റെ പരാമർശങ്ങൾ ആരേയും വേദനിപ്പിക്കുന്നതല്ല. ’’– എ.കെ. ബാലൻ വ്യക്തമാക്കി.
‘‘നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ശാസ്ത്രീയമായിരിക്കണം. യുക്തി ബോധത്തോടെയായിരിക്കണം. സ്പീക്കർ പറഞ്ഞത് എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായി തന്നെയാണ്. അതിനെ വളച്ചൊടിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊള്ളില്ല. അതിൽ മനസ്സറിഞ്ഞ് ആരും പങ്കാളികളാകില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നത്.’’– ബാലൻ പറഞ്ഞു.