FeaturedHome-bannerNationalNews

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം

ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് നൂറുമീറ്ററോളം അകലെയുള്ള കെട്ടിടത്തിലാണ് തീപിടിത്തമെന്ന് പൊലീസ് അറിയിച്ചു.

നാല് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇന്നുവൈകുന്നേരമാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്തെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ വസതിക്ക് തീപിടിത്തത്തിൽ കേടുപാടൊന്നും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗോവയിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ടി. കിപ്‌ഗെന്റെ കുടുംബത്തിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മണിപ്പൂരിൽ കഴിഞ്ഞ വർഷം അക്രമം പൊട്ടിപ്പുറപ്പെട്ട ശേഷം കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കുക്കി ഗോത്രവിഭാഗക്കാരുടെ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കുക്കി ഇൻപിയുടെ പ്രധാന ഓഫീസ്, തീപിടിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന അതേ സമുച്ചയത്തിലാണ്. മണിപ്പൂരിൽ നിന്ന് വേറിട്ട് പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെടുന്ന ചുരാചന്ദ്പൂർ കേന്ദ്രമായുള്ള ഇൻഡിജനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തെ ( ഐടിഎൽഎഫ്) പിന്തുണയ്ക്കുന്നവരാണ് കുകി ഇൻപി.

അസം അതിർത്തിയോട് ചേർന്ന് മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിലെ തീപിടിത്തമെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ജിരിബാം ജില്ലയിൽ മെയ്ത്തി-മാർ ഗ്രോവിഭാഗങ്ങൾ തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button