കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം, പുതിയ നിയമവുമായി താലിബാൻ

കാബൂൾ: രാജ്യത്ത് കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പുതിയ കുടുംബ നിയമപ്രകാരമാണിത്. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്.

മേയ് പകുതിയോടെ പ്രസിദ്ധീകരിച്ച ഈ ചട്ടം വിവിധ സാഹചര്യങ്ങളിൽ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള മതപരവും നിയമപരവുമായ നടപടിക്രമങ്ങൾ വിശദീകരിക്കുന്നു. ശൈശവ വിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വിവാഹ മോചനം, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നിയമപ്രകാരം, പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കും ശൈശവ വിവാഹങ്ങളിൽ അധികാരം നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ വിവാഹം ആർത്തവാരംഭത്തിനുശേഷം ആവശ്യമെങ്കിൽ റദ്ദാക്കാമെന്നും എന്നാൽ അതിന് താലിബാൻ കോടതിയുടെ അംഗീകാരം ആവശ്യമാണെന്നും ചട്ടങ്ങളിൽ പറയുന്നു. പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിന് സമ്മതമായി കണക്കാക്കാം എന്നും എന്നാൽ ഒരു ആൺകുട്ടിയുടെയോ മുമ്പ് വിവാഹിതയായ സ്ത്രീയുടെയോ നിശബ്ദതയ്ക്ക് സമാനമായ പരിഗണന നൽകില്ല എന്നും മറ്റൊരു വകുപ്പ് പറയുന്നു.

അതിദാരിദ്ര്യം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ചില കുടുംബങ്ങൾ പണത്തിനു വേണ്ടി വളരെ ചെറിയ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന രീതി നിലവിലുണ്ട്. പുതിയ നിയമം ഇത്തരം രീതികൾക്ക് നിയമപ്രാബല്യം നൽകുന്നതിലേക്തക് നയിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. കടങ്ങൾ തീർക്കാനോ സാമ്പത്തിക സഹായം നേടാനോ കുട്ടികളെ വിവാഹത്തിനായി വാഗ്ദാനം ചെയ്ത കേസുകൾ ചില മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലികമാരെ വിവാഹം കഴിപ്പിക്കുന്നതിനായി നൽകുന്ന തുക 500 ഡോളർ മുതൽ 3,000 ഡോളർ വരെയാണ്.

ഏകദേശം മൂന്നിലൊന്ന് അഫ്ഗാൻ പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുവെന്ന് ചാരിറ്റി സംഘടനയായ ഗേൾസ് നോട്ട് ബ്രൈഡ്‌സ് പറയുന്നു. 2021 ഓഗസ്റ്റിൽ അധികാരം തിരികെ പിടിച്ച ശേഷം, താലിബാൻ സ്ത്രീകളുടെയുെം പെൺകുട്ടികളുടെയും വിദ്യാഭ്യാസം, തൊഴിൽ, പൊതുപങ്കാളിത്തം എന്നിവയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അവകാശ സംഘടനകൾ ഈ വ്യവസ്ഥയെ ലിംഗവിവേചനം എന്ന് വിശേഷിപ്പിച്ചിരുന്നു.

ബ്രിട്ടീഷ് ഔട്ട്‌ലെറ്റ് ജിബി ന്യൂസ് ഉദ്ധരിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, താലിബാൻ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങൾ വ്യക്തമായി നിരോധിക്കുന്നില്ല, കൂടാതെ ഭാര്യമാരെ ശാരീരികമായി ശിക്ഷിക്കാൻ ഭർത്താക്കന്മാരെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News