അമരാവതി: ആന്ധ്രാപ്രദേശിൽ വിവാഹേതര ബന്ധമെന്ന സംശയത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തി ശരീരം രണ്ട് ഭാഗങ്ങളായി വെട്ടി വനമേഖലയിൽ സംസ്‌കരിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ദേവേന്ദർ റെഡ്ഡിയാണ് 21കാരിയായ മകൾ പ്രസന്നയെ കൊലപ്പെടുത്തിയത്. നന്ദൽ ജില്ലയിലെ പനയം മണ്ഡലത്തിലെ അലമുർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം. മകളെ കൊലപ്പെടുത്തി മൃതദേഹം ഗിദ്ദല്ലൂർ വനമേഖലയിൽ സംസ്‌കരിക്കുകയായിരന്നു. എന്നാൽ ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി മകൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ദേവേന്ദർ റെഡ്ഡി പ്രസന്നയെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രസന്ന നന്ദ്യാൽ ജില്ലയിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ച് ഹൈദരാബാദിൽ താമസം തുടങ്ങി.
രണ്ട് മാസം മുമ്പ് പ്രസന്ന അലമൂരിൽ എത്തിയിങ്കിലും വിവാഹേതര ബന്ധം കാരണം തിരികെ പോയിരുന്നില്ല. മകളോട് തിരികെ പോകാൻ ദേവേന്ദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രസന്ന മടങ്ങാൻ വിസമ്മതിച്ചു.പിന്നീട് റെഡ്ഡി പ്രസന്നയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിയുകയായിരുന്നു.
ഇതോടെ പ്രസന്നയും ഭർത്താവും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റെഡ്ഡി ശ്രമിച്ചു. പക്ഷേ മകൾ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രകോപിതനായ ദേവേന്ദർ റെഡ്ഡി അവളെ തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മകളുടെ മൃതദേഹം ഗിദ്ദല്ലൂർ വനത്തിൽ സംസ്‌കരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടിലെത്തി പ്രസന്നയെക്കുറിച്ച് ചോദിച്ചു. പ്രതിയുടെ പ്രതികരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ദേവേന്ദറിനെതിരെ പനയം പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കൂടാതെ ദേവേന്ദറിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.