കൊച്ചി: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ചെരിഞ്ഞിരുന്നു. ഈ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയെന്നാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് പരാതി നൽകിയിരിക്കുന്നത്.
ജഡത്തിനൊപ്പം ഫോട്ടോയെടുത്ത 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് ആവശ്യം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായരാണ് പരാതിക്കാരന്‍.
രണ്ടുവട്ടം മയക്കുവെടി ഏറ്റതും തുള്ളി വെള്ളംപോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയില്‍ ലോറിയില്‍തന്നെ ഹൃദയംപൊട്ടി മരിച്ചപ്പോള്‍ സൂര്യപ്രകാശത്തില്‍ ആ ജഡത്തിന് മുന്നില്‍നിന്ന് ഫോട്ടോ എടുക്കാന്‍ നേരംവെളുക്കുന്നത് കാത്തുനില്‍ക്കുകയായിരുന്നു വനംവകുപ്പ് ജീവനക്കാരെന്ന് എയ്ഞ്ചല്‍സ് നായര്‍ കുറ്റപ്പെടുത്തി. തികച്ചും പ്രാകൃതവും കിരാതവുമായ പ്രവൃത്തി തങ്ങളുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രലയം 2014 -ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ തകിടംമറിക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
വന്യജീവികളുടെ ജഡമൊ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതായുമാണ് വനം മന്ത്രലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.