തിരുവനന്തപുരം: സിപിഐഎം വനിതാ നേതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കിൽ കേസെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സിപിഐഎം നേതാക്കളെ സുരേന്ദ്രൻ മ്ലേച്ഛകരമായി അധിക്ഷേപിച്ചു. ഇതിനെതിരെ നേതാക്കൾ മിണ്ടുന്നില്ല. സുരേന്ദ്രനെതിരെ സിപിഐഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പരാതി നൽകും. രാഹുൽ വിഷയത്തിൽ എം വി ഗോവിന്ദന്റേത് ഇരട്ടത്താപ്പായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി ട്രഷറിയിൽ നിന്നും പണം പുറത്ത് പോകാതിരിക്കാനുള്ള തന്ത്രമാണ് നടത്തുന്നത്.
കൃത്യമായ പണം കൊടുക്കാത്തത് കൊണ്ട് താളം തെറ്റിയ പണികൾ തീർക്കാൻ ഒരു മാസം എങ്കിലും സമയം നീട്ടണം. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് അയക്കുമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ജനപ്രതിനിധികൾ മാർച്ച് 31 ന് ഒരു മണിക്കൂർ പ്രതിഷേധിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിലെ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിനെയും വി ഡി സതീശൻ കുറ്റപ്പെടുത്തി. 20 ദിവസമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി വന്നത്. പ്ലാന്റിലെ അഞ്ചിടത്ത് ഒപ്പം തീപിടിച്ചതിൽ അട്ടിമറിയില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളപൂശിയ കരാറുകാരനെതിരെ എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.