NationalNews

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.

അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇന്നലെ രാത്രി സത്യവാങ്മൂലം സമർപ്പിച്ചത്.

സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയത്.

മണിപ്പൂർ വിഷയം ഇന്നും പാർലമെൻ്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ചർച്ചയാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. രാജ്യസഭയിലും ചർച്ചയാവശ്യപ്പെടും. കഴിഞ്ഞ 6 ദിവസങ്ങളിലും ഇതേയാവശ്യത്തിൽ പാർലമെന്റ് സ്തംഭിച്ചിരുന്നു.

അതേസമയം അവിശ്വാസ പ്രമേയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും പത്ത് ദിവസത്തിനുള്ളിൽ തീയതി പ്രഖ്യാപിക്കുമെന്നും പാർലമെൻ്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും എന്ന് പ്രതിപക്ഷ സഖ്യവും അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button