കോഴിക്കോട്: സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ (VR Sudheesh) സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തി കേസെടുത്തു. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പൊലീസ് കേസ് എടുത്തത്. ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗൺ അസി. കമ്മീഷണർ അറിയിച്ചു.
മലപ്പുറത്തെ ഞെട്ടിച്ച സംഭവമായിരുന്നു അധ്യാപകൻ കെ വി ശശികുമാർ പോക്സോ കേസിൽ പ്രതിയായത്. ആറ് കേസുകൾ. ഇതിൽ ജാമ്യം ലഭിച്ച ശശികുമാർ ഇന്നലെ ജയിലിൽനിന്ന് പുറത്തിറങ്ങി. എന്നാല്‍ ഈ പീഡന കേസിന്‍റെ അന്വേഷണത്തിൽ ആശങ്കയുണ്ടെന്നാണ് പൂർവ വിദ്യാർത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്.
ശശികുമാറിനെതിരായ പരാതികൾ സ്കൂൾ അധികൃതർ മറച്ചുവെച്ചിരുന്നെന്നും ഇതിന്‍റെ തെളിവുകൾ പൊലീസിന് നൽകിയിരുന്നെന്നും പൂർവ വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.
അധ്യാപകൻ കെ വി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്കൂള്‍ അധികൃതർ പൊലീസിനെ അറിയിച്ചില്ല.
തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇത് അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്നും പോക്സോ കുറ്റം മറച്ചു വച്ചതിന് സ്കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാർ പറയുന്നു. ഇതുവരെയുള്ള അന്വേഷണം രണ്ട് പോക്സോ പരാതിയിൽ മാത്രം ഒതുങ്ങിപ്പോയെന്നും 30 വർഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂർവ വിദ്യാർത്ഥിനികളുടെ മാസ് പെറ്റിഷനിൽ ഒരു എഫ്ഐആര്‍ പോലും ഇതുവരെ ഇട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. തെളിവുകൾ കൈമാറിയിട്ടും ഇതിന് എന്താണ് തടസമെന്നാണ് ചോദ്യം. സ്വാധീനവും മറ്റും കാരണം കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ട് ഇവര്‍ക്ക്.
രണ്ട് പോക്സോ കേസുകളിലും പോക്സോ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പരാതികളിലെ ഉള്ളടക്കത്തിലെ ചില സംശയങ്ങളാണ് അനുകൂലം ആയതെന്നാണ് പ്രതിഭാഗം വാദം.
അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.