ഇടുക്കി:പൂപ്പാറയില്‍വെച്ച് ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം.
ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാര്‍ വന്നിടിക്കുകയായിരുന്നു. പൂപ്പാറിയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേവാസികള്‍ പറയുന്നു. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകര്‍ക്കാനുള്ള ശ്രമം നടത്തി.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റിരിക്കുന്നത്.
അപകടം നടന്ന മേഖല ആനത്താരയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റോ എന്ന് വ്യക്തമല്ല. ബുധനാഴ്ചയോടെ ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തും. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് വ്യക്തമാക്കി.
അതിനിടെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി. പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്താണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. നാലുദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.
അരിക്കൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതിയിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്ട്സാപ്പ് കൂട്ടായ്മ പണം പിരിച്ചത്. ഏപ്രിൽ 30 നാണ് എന്നും അരിക്കൊമ്പനൊപ്പം എന്ന പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്. എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകൾ. സംസ്ഥാനത്തുടനീളമുള്ള മൃഗസ്നേഹികളെ പിന്നീട് ഗ്രൂപ്പിന്‍റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയിൽ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു പണപ്പിരിവ്. പ്രവാസികളിൽ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നാണ് പരാതി. ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് പൊതുപ്രവർത്തകനായ ശ്രീജിത്ത് പെരുമനയെ വിവരം അറിയിക്കുന്നത്.
അന്വേഷണം തുടങ്ങിയ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അരിക്കൊമ്പനെ മുൻ നിര്‍ത്തി തയ്യാറാക്കിയ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ തങ്ങൾക്ക് നേരെ നടക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ഉന്നയിച്ച് ഗ്രൂപ്പ് അഡ്മിൻ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അരികൊമ്പന് വേണ്ടി പണം പിരിച്ചിട്ടില്ല. കെയർ ആന്‍റ് കൺസേർൺ ഫോർ ആനിമൽസ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് അഡ്മിൻ വ്യക്തമാക്കി.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.