InternationalNews

കപ്പലാക്രമിച്ച ഹൂതികള്‍ക്ക് തിരിച്ചടി;യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക-ബ്രിട്ടന്‍ സഖ്യം

ഗാസ:ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലെ വിമത സംഘമായ ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇരുപത്തിയേഴോളം ആക്രമണങ്ങൾ നടത്തിയത്.

ഈ നടപടി ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്ന സന്ദേശം നൽകാനാണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും ബൈഡൻ വ്യാഴാഴ്ച വൈകി നടത്തിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

ചെങ്കടലിലൂടെയുള്ള സ്വതന്ത്ര ഗതാഗതത്തെയോ തങ്ങളുടെ ആളുകൾക്ക് നേരെയോ നടത്തുന്ന യാതൊരുവിധ ആക്രമണ നടപടികളും അനുവദിച്ച് തരില്ലെന്ന മുന്നറിയിപ്പാണ് ആക്രമണങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ ശേഷിക്ക് ഇരുരാജ്യങ്ങളുടെയും തിരിച്ചടി പ്രഹരമേല്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക സൂചനകളെന്ന് ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ജനുവരി ഒൻപതിന് ചെങ്കടലിൽ ഹൂതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടവെയാണ് യെമനിലെ തിരിച്ചടി. സങ്കീർണ്ണമായ ആക്രമണമെന്നാണ് യുഎസ് സൈന്യം ഇതിനെ വിശേഷിപ്പിച്ചത്.

യെമന്റെ തലസ്ഥാനമായ സനായിലെ ചില നഗരങ്ങളിൽ ‘അമേരിക്കൻ- സയണിസ്റ്റ്- ബ്രിട്ടീഷ്’ ആക്രമണം നടന്നതായി ഹൂതികൾ തന്നെ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനം, കപ്പൽ, അന്തർവാഹിനി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഒരു ഡസനിലധികം സ്ഥലങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ ഹൂതികളുടെ സൈനിക ശേഷി ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു. യെമന്റെ ഒരു വലിയ ഭാഗം നിയന്ത്രിക്കുന്ന ഹൂതികൾ, ഇതിനോടകം 27 കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്.

ലോക വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ കാരണം പല ഷിപ്പിങ് കമ്പനികളും ഈ വഴിയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. തുടർന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി ഡിസംബറിൽ ഇരുപതിലധികം രാജ്യങ്ങൾചേര്‍ന്ന് ‘ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ’ എന്ന പ്രതിരോധ സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ അതിന്റെ ഭാഗമായല്ല നിലവിലെ ആക്രമണങ്ങൾ എന്നാണ് സൂചന.

സന, തായ്‌സ് വിമാനത്താവളങ്ങൾക്ക് സമീപമുള്ള സൈനിക കേന്ദ്രവും ഹൊദൈദയിലെ ഹൂതി നാവിക താവളവും ഹജ്ജ ഗവർണറേറ്റിലെ സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയാണ് വ്യാഴാഴ്ച ആക്രമണം നടന്നത്. അതേസമയം തങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് പകരം ചോദിക്കുമെന്ന് കഴിഞ്ഞ ദിവസം ഹൂതി നേതാവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകൾ നിലനിൽക്കെയുള്ള പുതിയ സംഭവവികാസങ്ങള്‍ ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker