FeaturedHome-bannerKeralaNews

ഗവര്‍ണറുടെ തൊപ്പി തെറിയ്ക്കും,
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിച്ചേക്കും,
നിയമസഭ സമ്മേളനം ഡിസംബര്‍ ആദ്യവാരം

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ ഡിംസബറിൽ നിയമസഭാ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും. ഗവർണർക്ക് പകരം ആരെ ചാൻസലർ ആക്കും എന്നതിൽ ചർച്ച തുടരുന്നു.

നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകും എന്നതിൽ ചർച്ചകൾ നടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ്റെയും എൻ കെ ജയകുമാർ കമ്മീഷൻ്റെയും റിപ്പോർട്ടുകൾ സർക്കാറിൻ്റെ പരിഗണനയിലാണ്.

ശ്യാം ബി മേനോൻ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് ഓരോ സർവകലാശാലക്കും പ്രത്യേകം പ്രത്യേകം ചാൻസലർമാരാണ്. അക്കാദമിക്  രംഗത്തെ വിദഗ്ധരെ ചാൻസലറാക്കണമെന്നാണ് ശുപാർശ. മുഖ്യമന്ത്രിയെ വിസിറ്റർ ആക്കണമെന്നും ശുപാർശയുണ്ട്. ജയകുമാ‍ർ കമ്മീഷൻ റിപ്പോർട്ടിൽ ചാൻസലർ ഗവർണർ തന്നെയാണെങ്കിലും അധികാരം വെട്ടിക്കുറക്കാനാണ് ശുപാർശ.

ബദൽ സംവിധാനത്തെ കുറിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമേ സർക്കാർ തീരുമാനമെടുക്കൂ. പ്രതിപക്ഷത്തിൻ്റെ പിന്തുണയോടെ ബിൽ പാസ്സാക്കനാണ് സർക്കാർ നീക്കം. അതേസമയം, സഭ ബിൽ പാസ്സാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button