KeralaNews

കള്ളനോട്ട് കേസ്: വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് നടപടി. മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പൊലീസിനുണ്ട്.

ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയില്‍ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെക്കുറിച്ച് മാനേജര്‍ക്ക് തോന്നിയ സംശയമാണ് കൃഷി ഓഫിസറായ ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ കുഞ്ഞുമോൻ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. ടാര്‍പോളിന്‍ വാങ്ങിയതിന്‍റെ വിലയായി കുഞ്ഞുമോന്‍ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നൽകിയത് ജിഷയാണ്. 

തുടർന്ന് യുവതിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. അതേസമയം, ജോലിക്കാരന് നല്‍കിയത് വ്യാജ നോട്ടുകളാണെന്ന് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

വല്ലപ്പോഴും മാത്രം ഓഫിസില്‍; ഫാഷന്‍ ഷോയും മോഡലിങും പ്രിയം

ആലപ്പുഴ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷ. എടത്വ കൃഷി ഓഫിസര്‍ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളു. ഫാഷന്‍ ഷോയിലും മോഡലിങ് രംഗത്തും സജീവമാണ് ഇവർ. ഭര്‍ത്താവ് മലപ്പുറത്ത് കോളജ് അധ്യാപകന്‍ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. എന്നാൽ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ ബിസിനസ് ആണെന്ന് ജിഷ പൊലീസിനോട് പറഞ്ഞു. സര്‍വീസില്‍ നിന്ന് യുവതിയെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ, മറ്റ് പ്രതികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button