75 കാരനെ വിവാഹം ചെയ്യാന്‍ 71 കാരി അമേരിക്കയില്‍ നിന്നെത്തി;പഞ്ചാബില്‍ കൊല്ലപ്പെട്ടു,മൃതദേഹം കത്തിച്ചതായി മൊഴി

ലുധിയാന: 75 വയസ്സുകാരനെ വിവാഹം ചെയ്യാന്‍ പഞ്ചാബിലെ ലുധിയാനയില്‍ എത്തിയ 71 വയസുള്ള യു.എസ് പൗരയായ സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ചതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വംശജയായ രൂപീന്ദര്‍ കൗര്‍ പന്ദേര്‍ ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിങ് ഗ്രുവാളിനെ തേടിയെത്തിയത്.

സംഭവം നടന്നത് ജൂലായ് മാസത്തിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി ചരഞ്ജിത് സിങ് ഗ്രുവാള്‍ രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജൂലായ് മാസം ലുധിയാനയിലെത്തിയ രൂപീന്ദര്‍ കൗറിന്റെ ഫോണ്‍ ജൂലായ് 24 ന് സ്വിച്ച് ഓഫായ ശേഷം ഇവരുടെ സഹോദരി കമല്‍ കൗര്‍ കെയ്‌റയാണ് 28 ന് വിവരം തേടി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ലുധിയാനയിലെ കില റായ്പുര്‍ ഗ്രാമത്തില്‍ രൂപീന്ദര്‍ എത്തിയിട്ടുണ്ടെന്ന് വിവരമറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സുഖ്ജീത് സിങ് എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകം നടത്തിയതായി പോലീസിനോട്‌ സമ്മതിക്കുകയും ചെയ്തു.

ചരഞ്ജിത് സിങ് ഗ്രുവാളിന്റെ നിര്‍ദേശ പ്രകാരം രൂപീന്ദറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റോര്‍ റൂമില്‍ വെച്ച് കത്തിക്കുകയായിരുന്നു. ജൂലായ് 12 നും 13 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് ചരഞ്ജിത് സിങ് ഗ്രുവാളിനേയും ഇയാളുടെ സഹോദരനേയും പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലുധിയാനയിലെത്തുന്നതിന് മുമ്പ് രൂപീന്ദര്‍ കൗര്‍ ഗ്രുവാളിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് 50 ലക്ഷം രൂപയാണ് ചരഞ്ജിത് സിങ് പ്രതിക്ക് കൊലയാളിക്ക് വാഗ്ദാനം ചെയ്തത്. പ്രതി സുഖ്ജീത് സിങിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News