ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ എട്ട് പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട എം.പിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായവരില്‍ സി.പി.എം നേതാക്കളായ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു.
രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന്. ഡെറക് ഒബ്രിയാന് ( തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്), സയീദ് നാസര്‍ ഹുസൈന് ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍.
രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിനാണ് നടപടിയെന്ന് അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു വ്യക്തമാക്കി. മോശം കാര്യങ്ങളാണ് സഭയില്‍ അരങ്ങേറിയത്. എം.പിമാര്‍ നടുത്തളത്തിലേക്കിറങ്ങി, രാജ്യസഭാ ഉപാധ്യക്ഷനെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ വരെ ശ്രമിച്ചു. അദ്ദേഹം തന്റെ ജോലി നിര്‍വഹിക്കുകയാണ് ചെയ്തത്.
എംപിമാരുടെ നടപടി നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയുന്നതുമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭ ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം തള്ളിക്കളഞ്ഞതായും ഉപരാഷ്ട്രപതി വ്യക്തമാക്കി. പ്രതിപക്ഷ എം.പിമാര്‍ക്കെതിരായ നടപടി പ്രഖ്യാപിച്ചതോടെ രാജ്യസഭയില്‍ ഇന്നും ബഹളം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് രാജ്യസഭ 10 മണി വരേക്ക് നിര്‍ത്തിവെച്ചു.