തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വയ്ക്കാനും സര്‍ക്കാരും പ്രതിപക്ഷവും ധാരണയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ധാരണയായത്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ആലോചന.
തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തിനനുസരിച്ചു തീരുമാനമെടുക്കാമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നതിനോട് യോജിച്ച ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറില്‍ തെരഞ്ഞെടുപ്പുകള്‍ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷങ്ങള്‍.
നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നേരത്തെ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അഭിപ്രായം രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കളെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടത്താനാണു ധാരണയായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18-നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും ഒരേ നിലപാടു സ്വീകരിച്ചാതിനാല്‍ കമ്മീഷനും അത് അംഗീകരിക്കാനാണു സാധ്യത.