മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് നേരിട്ടിരുന്നത് ഗുരുതര മാനസിക പ്രശ്നങ്ങളെന്ന് ഡോക്ടര്‍മാര്‍. മുംബൈ പോലീസിന് നല്‍കിയ മൊഴിയിലാണ് സുശാന്തിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്.
അതേസമയം സുശാന്തിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നതോടെ എതിര്‍പ്പുമായി കുടുംബം രംഗത്ത് വന്നു. മാനസിക പ്രശ്നങ്ങളെക്കുറിച്ച് വ്യക്തി ജീവിച്ചിരിക്കെ അയാളുടെ സമ്മതത്തോടെ മാത്രമേ പുറത്തുപറയാനാകൂ അയാള്‍ ജീവനോടെയില്ലെങ്കില്‍ കുടുംബത്തിന്റെ സമ്മതത്തോടെയേ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താനാകൂ എന്നും കടുംബത്തിന്റെ അഭിഭാഷകന്‍ വികാസ് സിംഗ് അറിയിച്ചു.
കടുത്ത വിഷാദം, ഉത്കണ്ഠ, നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്ക, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് സുശാന്ത് നേരിട്ടിരുന്നത്. തന്റെ അസുഖത്തെക്കുറിച്ച് സുശാന്ത് ബോധവാനായിരുന്നു. എന്നാല്‍ മരുന്ന് കഴിക്കുന്നത് അടക്കമുള്ള ചികിത്സകളില്‍ ഒട്ടും ചിട്ടയുണ്ടായിരുന്നില്ലെന്നും താന്‍ ഒരിക്കലും പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടില്ലെന്ന് സുശാന്ത് വശ്വസിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
സുശാന്തിന് എപ്പോഴും നെഗറ്റീവ് ചിന്തകളായിരുന്നു. ഉറക്കമില്ലായ്മ, ധാരാളം പണം എത് വിധേനയും ചെലവഴിക്കുക, എന്ത് ചെയ്യുമ്പോഴും നഷ്ടബോധം അനുഭവപ്പെടുക. ഇതെല്ലാം സുശാന്തില്‍ കണ്ടെത്തിയിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് സുശാന്തിന് അനുഭവപ്പെട്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച് കൂടെ നിന്നത് റിയ ചക്രവര്‍ത്തി ആയിരുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.