തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനം. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.
മന്ത്രിസഭാ യോഗത്തിന്റെ മറ്റു പ്രധാന തീരുമാനങ്ങള്‍
പൊതുമേഖലാ ബോണസ്
മാര്‍ഗ്ഗരേഖ അംഗീകരിച്ചു കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ കുറയാത്ത തുക ബോണസായി നല്‍കേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.
വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഇല്ല.
പവര്‍ലൂം തൊഴിലാളികള്‍ കൂടി ക്ഷേമനിധി ആക്ടിന്റെ പരിധിയിലേക്ക്
പവര്‍ലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമഭേദഗതി വരുമ്പോള്‍ പവര്‍ലൂം തൊഴിലാളികള്‍ക്കു കൂടി ക്ഷേമനിധിബോര്‍ഡിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.