പാലക്കാട്: പ്രളയത്തില്‍ നിറഞ്ഞ കിണറിലെ വെള്ളം മിനിറ്റുകള്‍ക്കുള്ളില്‍ വറ്റിയത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തരാക്കുന്നു. കൊപ്പം കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് അപൂര്‍വ പ്രതിഭാസം. വീടിന്റെ പരിസരത്തെ കിണറുകളിലും തോടുകളിലും വെള്ളം നിറഞ്ഞ് നില്‍ക്കുന്ന സാഹര്യത്തില്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലെ കിണറിലെ വെള്ളം വറ്റിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറിലെ വെള്ളമാണ് മിനിറ്റുകള്‍ക്കുള്ളില്‍ വറ്റിയത്. ഇപ്പോള്‍ കിണറിന്റെ അടി ഭാഗം പൂര്‍ണ്ണമായും കാണാം. പ്രളയജലം കയറിയ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നു. വൈകിട്ട് നാലിന് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വീട്ടുകാര്‍ കിണറിനരികെ ചെന്നപ്പോഴാണ് കിണര്‍ വറ്റിയതായി കാണുന്നത്.
കൊപ്പം വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു.