കൊച്ചി: കൊച്ചി നഗരത്തില്‍ ശക്തമായ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും പരസ്പരം പഴിചാരി കൊച്ചി മേയറും ജില്ലാ ഭരണകൂടവും. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പിലാക്കിയ പദ്ധതിയെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ചിട്ടില്ലെന്ന് കളക്ടര്‍ എസ് സുഹാസ് പറയുന്നു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വേണ്ടത്ര കൂടിയാലോചന നടത്താതെ നടപ്പിലാക്കിയ പദ്ധതിയാണെന്നും, കൂടിയാലോചന നടത്താതിന്റെ പോരായ്മകള്‍ പദ്ധതിയ്ക്കുണ്ടായിട്ടുണ്ടെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ പരാജയം സംഭവിച്ചോയെന്ന് ഇപ്പോള്‍ പറയാനാകില്ല. സംയുക്തമായ യോഗം വിളിക്കാന്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട ഒഴിവാക്കാന്‍ സാധിച്ചു എന്ന വിശദീകരണമാണ് കളക്ടര്‍ എസ് സുഹാസ് നല്‍കുന്നത്. എം ജി റോഡിലടക്കം വെള്ളം കയറാന്‍ കാരണം മുലശേരി കനാല്‍ വ്യത്തിയാക്കാത്തതാണെന്നും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റ ആദ്യ ഘട്ടത്തില്‍ മുല്ലശേരി കനാല്‍ ഉള്‍പ്പെട്ടിരുന്നില്ലന്നും കോര്‍പറേഷനാണ് കനാല്‍ വൃത്തിയാക്കേണ്ടതെന്നും കളക്ടര്‍ കുറ്റപ്പെടുത്തി.
കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കൊച്ചി കോര്‍പറേഷനും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൊച്ചി കോര്‍പറേഷന്‍ അമൃതം പദ്ധതിയില്‍ നിന്നുള്‍പ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോള്‍, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാന്‍ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്.