കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ കീഴ്മാട് സ്വദേശി രാജീവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 വയസായിരുന്നു. രാജീവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
അതേസമയം, എറണാകുളം സമൂഹ വ്യാപന ഭീഷണിയില്‍ തുടരുകയാണ്. എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. എറണാകുളത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് മാത്രം സമ്പര്‍ക്കത്തിലൂടെ 170 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചെറിയ വീഴ്ച പോലും ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസയും മരിച്ചിരിന്നു. 74 വയസായിരുന്നു. ഇന്നലെ രാത്രം 11 മണിയോടെയാണ് മരണം സംഭവിച്ചത്. ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നഫീസയുടെ മകന്‍ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ആദ്യ പരിശോധനയില്‍ മകന് കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ മകനും കൊവിഡ് സ്ഥിരീകരിച്ചു. മകനില്‍ നിന്ന് ആകാം നഫീസയ്ക്ക് രോഗം ബാധിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.