ന്യൂഡല്‍ഹി: ഹ്രസ്വ കാലയളവില്‍ നടപ്പിലാക്കുന്ന ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകര്‍. ഹ്രസ്വ കാല ലോക്ക് ഡൗണ്‍ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുമെങ്കിലും വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്ക്കില്ലൈന്ന് ഗവേഷകര്‍ പറയുന്നു. പകരം വൈറസ് വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് തടയുക മാത്രമേ ഈ ലോക്ക് ഡൗണുകള്കൊണ്ട് സാധിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളും ചെറിയ കാലയളവിലേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 500 ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാത്രമല്ല, ലോക്ക് ഡൗണിന്റെ ഫലത്തെ കൃത്യമായി വിലയിരുത്താന്‍ കഴിയില്ല. കാരണം ജനങ്ങള്‍ നിയന്ത്രണങ്ങള്‍ എങ്ങനെ പാലിക്കുന്നുവെന്നും പ്രദേശിക ഭരണ കൂടങ്ങള്‍ അവ എങ്ങനെ നടപ്പിലാക്കിയെന്നതും കൃത്യമായി വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.