കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് ഇതുവരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായി കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്.
ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.റമീസിന്റെ മൊഴി കേസില്‍ നിര്‍ണായകമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റമീസിന്റെ മൊഴിയനുസരിച്ച് കൂടുതല്‍ പേര്‍ കേസില്‍ പിടിയിലായേക്കുമെന്നും കസ്റ്റംസിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം.സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.
റമീസ് നിരവധി കേസുകളിലെ പ്രതി കൂടിയാണ്. ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാര്‍ സ്റ്റേഷനിലാണ് കേസ്. നാട്ടില്‍ വലിയ സൗഹൃദങ്ങള്‍ ഇല്ലാത്ത ആളാണ് റമീസെന്ന് അയല്‍വക്കക്കാരും ബന്ധുക്കളും പറയുന്നു.
അയല്‍വക്കക്കാരുമായി അകലം പാലിച്ചിരുന്ന റമീസിന്റെ വീട്ടില്‍ പുറത്തുനിന്നുള്ള ആളുകള്‍ അര്‍ധരാത്രിയില്‍ അടക്കം വന്നുപോയിരുന്നു.
പല ഇടപാടുകളും തര്‍ക്കങ്ങളില്‍ കലാശിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകര്‍ന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്കു കൊണ്ടുവരും.
വൈകിട്ടോടെ ഇരുവരെയും കൊച്ചിയില്‍ എത്തിച്ചു കോടതിയില്‍ ഹാജരാക്കും. ഇരുവരെയും കോവിഡ് പരിശോധനയ്ക്കും വിധേയരാക്കിയേക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍ഐഎ സംഘം ബംഗളുരുവില്‍നിന്നു പുറപ്പെട്ടു. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയെന്നാണു സൂചന.
നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണു സ്വപ്നയും സന്ദീപും പിടിയിലായതെന്നാണു സൂചന. ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു.