കൊച്ചി :തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചത് മെറ്റല്‍ കറന്‍സിയായിട്ടാണെന്ന് വെളിപ്പെടുത്തല്‍. ഹവാല പണത്തിന് പകരം സ്വര്‍ണം നല്‍കിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സി ഉപയോഗിച്ചിരുന്നുവെന്നും സിനിമാ നിര്‍മാതാക്കള്‍ക്കും മെറ്റല്‍ കറന്‍സി നല്‍കിയെന്നും സരിത്ത് പറഞ്ഞു. സിനിമാ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ പലരും സ്വര്‍ണം ഉപയോഗപ്പെടുത്തിയെന്നും സരിത്ത് വ്യക്തമാക്കുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായി പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസാണ് അറസ്റ്റിലായത്.സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.
സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.
എന്നാല്‍ സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം. സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്.
ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വര്‍ണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. അറസ്റ്റിലായ ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധം അടക്കമുള്ള സൂചനകളും ഈ ഘട്ടത്തില്‍ പുറത്ത് വരികയാണ്. കൂടുതല്‍ അറസ്റ്റുകള്‍ വരും മണിക്കൂറുകളില്‍ ഉണ്ടാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.