ഒടുവില്‍ ട്രംപും മാസ്‌ക് ധരിച്ചു,പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡണ്ട്
വാഷിംഗ്ടൺ : എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തി നിടെയാണ് കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് ട്രംപ് പൊതുവേദിയിലെത്തിയത്. കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അടക്കം ആവർത്തിച്ച് നിർദേശിക്കുന്നുണ്ടെങ്കിലും ട്രംപ് അതിന് തയ്യാറായിരുന്നില്ല. പൊതുചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയെത്തുന്ന ട്രംപിന്‍റെ നടപടി വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
എന്നാൽ ഇതെല്ലം അവഗണിച്ച് ട്രംപ് ഇതാദ്യമായി മാസ്ക് ധരിക്കാന്‍ തയ്യാറായിക്കുന്ന എന്നതാണ് ശ്രദ്ധേയം. സബർബൻ വാഷിംഗ്ടണിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍റർ സന്ദർശനത്തിനിടെയാണ് ട്രംപ് മാസ്ക് അണിഞ്ഞെത്തിയത്.’ ആശുപത്രി സന്ദർശനത്തിനിടെ മാസ്ക് ധരിക്കുന്നത് വളരെ നല്ല കാര്യമാണ്’ എന്നായിരുന്നു ട്രംപ് ഫോക്സ് ന്യുസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.
താൻ പരിക്കേറ്റ സൈനികരെയും കോറോണ (Covid19) പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇന്നലെമാത്രം ഇവിടെ 59,000ത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയർന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേർ രോഗമുക്തി നേടി.