തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൽഫലമായി കേരളത്തിൽ അഞ്ചുദിവസത്തേക്ക് മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കേരളത്തിലെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള അതിതീവ്ര ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത ഉള്ളതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.