ജിദ്ദ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയില്‍ അവസാനിച്ചു. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. എട്ടുതാരങ്ങളെ ടീമുകള്‍ റൈറ്റ് റ്റു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ടീമില്‍ നിലനിര്‍ത്തി.
ആദ്യദിനം 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ വിലയേറിയ താരമായി. ശ്രേയസ് അയ്യര്‍ക്കായി പഞ്ചാബ് കിങ്‌സ് 26.75 കോടി രൂപയും വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടിയും ചെലവാക്കി. 18 കോടി വീതം ലഭിച്ച അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്‌സ്), യുസ്‌വേന്ദ്ര ചാഹല്‍ (പഞ്ചാബ് കിങ്‌സ്), 15.75 കോടി നേടിയ ജോസ് ബട്‌ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), 14 കോടി നേടിയ കെ.എല്‍. രാഹുല്‍(ഡല്‍ഹി ക്യാപിറ്റല്‍സ്), 12.5 കോടി വീതം നേടിയ ജൊഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്), ജോഷ് ഹേസല്‍വുഡ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരാണ് ഉയര്‍ന്ന തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷാ, മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, അബ്ദുള്‍ ബാസിത് എന്നിവരെ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ആദ്യ ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറായില്ല. വീണ്ടും അര്‍ജുനെ ലേലത്തിനെടുത്തപ്പോള്‍ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. മലയാളി താരങ്ങളായ വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിങ്‌സിലും സച്ചിന്‍ ബേബി 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലും ഇടംനേടി.